ചരിത്രത്തിൻ്റെ താളുകൾ തിരയുമ്പോൾ റാന്നിയിലും അതിൻ്റെ ചുറ്റുപാടുമുള്ള ക്രിസ്താനി സമൂഹം പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പാദസ്പർശം ഏറ്റ നിലയ്ക്കിലിലെ ക്രിസ്താനികളുടെ പിന്തുടർച്ച അവകാശികളാണ്. ബാഹ്യമായ ഇടപെടലുകൾ കാരണം , നിലയ്ക്കലിൽ നിന്നും ചിതറിയ സമൂഹം തിരുവിതാംകൂറിൻ്റെ പല ഭാഗങ്ങളിലായി കുടിയേറി.
അങ്ങനെ 19 – ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കാർഷിക ആവിശ്യങ്ങൾക്കായി , റാന്നിയുടെ ചെട്ടിമുക്ക് , പാറച്ചിറ , കുറ്റിയാനി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ ക്രിസ്താനി സമൂഹം തങ്ങളുടെ ആത്മീയ ആവിശ്യങ്ങൾ നിറവേറ്റിയിരുന്നത് , അക്കാലത്തു ഉണ്ടായിരുന്ന സുറിയാനി ക്രിസ്താനികളുടെ ദേവാലയമായ റാന്നി.സെൻ്റ് തോമസ് വലിയപള്ളിയിൽ ആയിരുന്നു . തുമ്പമൺ ഭദ്രാസന ആസ്ഥാനത്തോടും , അവിടെ വാണരുളിയ പിതാക്കന്മാരോടും , അടുത്തിടപഴകിയ തേവർവേലിൽ അഭി.ഗീവർഗ്ഗീസ് മാർ ദീയസ്കോറസ്സ് തിരുമേനിയുടെ പിതാവ് ശ്രീ.ഗീവർഗ്ഗീസ് ഈശോയുടെയും , തേവടത്തു റ്റി കെ ജോസഫ് യൗസേബിയോസ് നിർദേശത്താലും സഹകരണത്തിലും ഇവിടെ കുടിയേറിയ പൂർവ്വപിതാക്കന്മാർ കുറ്റിയാനി മലയിൽ ഒരു ഓർത്തഡോക്സ് ദേവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചു.
കുറ്റിയാനി പള്ളിയുടെ പ്രഥമ വികാരിയായി ചുമതല നിർവഹിച്ചിരുന്നത് തെക്കുംതോട്ടത്തിൽ ബഹു. ടി സ് എബ്രഹാം അച്ഛൻ ആയിരുന്നു . പില്കാലത്ത് അദ്ദേഹം മലങ്കര സഭയുടെ ടട്രസ്റ്റിയായും സേവനമനുഷ്ഠിച്ചു.
ആദ്യ ദേവാലയത്തിന്റെ അടിസ്ഥന ആശിർവദിച്ചതും പ്രഥമ ബാലീ അർപ്പിച്ചതും ബഥനിയുടെ ഗീവർഗ്ഗിസ് മാർ ഈവാനിയോസ് തിരുമേനിയായിരുന്നു. ആ ദേവാലയം 4 മരത്തൂണുകളാൽ നിർമിച്ചതും , ഓല മെടഞ്ഞതുമായ ഒരു ചെറിയ ദേവാലയമായിരുന്നു. ഈ ദേവാലയം പ്രതിഷ്ഠിക്കപ്പെട്ടത് 1103 ഇടവം 6 (ക്രിസ്തു വർഷം 1928 മെയ് 19 ) ന് ആയിരുന്നു.കുറ്റിയാനി മലയിൽ സ്ഥാപിക്കപ്പെട്ടത്കൊണ്ട് ഈ ദേവാലയം കുറ്റിയാനി പള്ളി എന്നറിയപ്പെടുന്നു. പള്ളിയുടെ പൂർണ്ണനാമം കുറ്റിയാനി സെൻ്റ് ജോർജ് സെഹിയോൻ ഓർത്തഡോക്സ് പള്ളി എന്നാണ്.
ആരംഭകാലത്ത് ഏകദേശം മുപ്പതോളം കുടുംബങ്ങൾ ഉണ്ടായിരുന്നു. കുടുംബങ്ങളുടെ വർദ്ധനവും കുറ്റിയാനി മലയിൽ എത്തിപെടുന്നതിനുള്ള പ്രയാസാവും കാരണം , ഒരു ദേവാലയം പുതിയതായി നിർമ്മിക്കേണ്ടത് അത്യാവിശ്യവുമായി വന്നു. ഇതനുസരിച്ചു റാന്നി വലിയകാവ് റോഡിന് സമീപം ദേവാലയം ഇപ്പോൾ സ്ഥിതി ചെയുന്നിടത്തേക്ക് മാറ്റി നിർമിക്കുന്നതിന് ഇടവകാംഗങ്ങൾ തീരുമാനിച്ചു. ഇടവകയിലെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടുകൂടി പഴയ ദേവാലയം അതുപോലെ പൊളിച്ചു കൊണ്ടുവന്ന് , ഇന്ന് ദേവാലയം സ്ഥിതിചെയുന്നിടത്ത് നിർമ്മിച് ആരാധനാ ആരംഭിച്ചു. പഴയ ദേവാലയം സ്ഥിതി ചെയുന്നിടം ഇപ്പോൾ സെമിത്തേരിയായി ഉപയോഗിക്കുന്നു.
1951 -ൽ പുത്തൻകാവിൽ കൊച്ചുതിരുമേനി കാലം ചെയ്തതിനെ തുടർന്നു ദാനിയേൽ മാർ പീലക്സിനോസ് തിരുമേനി തുമ്പമൺ ഭദ്രാസനത്തിൻ്റെ ചുമതലയേറ്റെടുത്തു. ഇക്കാലയളവിൽ ദേവാലയത്തിൻറ് അവസ്ഥ വളരെ ശോചനീയമായിരുന്നു. എല്ലാ വർഷവും നാല്പതാം വെള്ളിയാഴ്ച ഇടവകയിലെ ജനങ്ങൾ ഒന്നുചേർന്നു ഓല മേഞ്ഞാണ് മേൽക്കൂര നിർമിച്ചിരുന്നത്.
പുതിയ ദേവാലയത്തിൻ്റെ ആവശ്യകത മനസ്സിലാക്കിയ ജനങ്ങൾ ഒത്തുചേർന്ന് പുതിയ ദേവാലയ നിർമാണം ആരംഭിച്ചു. ദേവാലയത്തിന്റെ ഹൈക്കലയുടെ ശിലസ്ഥാപിച്ചത് ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയും. വി.മദ്ഹബഹായുടെ ശില സ്ഥാപിച്ചത് പരി . ഗീവർഗ്ഗിസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയും ആയിരുന്നു.
ഇപ്പോൾ കാണുന്ന വി. മദ്ബഹാ തെങ്ങുംതറയിൽ ഫാ. ടി ജി സ്റ്റീഫൻ അച്ഛൻ്റെ കാലത്ത് പണികഴിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിൻ്റെ കാലയളവിൽ തന്നെയാണ് ചെട്ടിമുക്ക് കുരിശടി അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയും അഭി. എബ്രഹാം മാർ ക്ലിമീസ് തിരുമേനിയും ചേർന്ന് 1970 മെയ് 5 -ന് കൂദാശ നടത്തിയത്. പണിതീർത്ത മദ്ബഹയുടെ കൂദാശ നിർവഹിച്ചത് പരി. മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ തിരുമേനിയും , അഭി മാത്യൂസ് മാർ കുറിലോസ് തിരുമേനിയും , അഭി ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയും ചേർന്നായിരുന്നു.
1978 കുറ്റിയാനി പള്ളിയുടെ സുവർണജൂബിലി വർഷമായിരുന്നു. ജൂബിലിയോടനുബന്ധിച്ചു പുതിയ ഒരു ഓഫിസ് കെട്ടിടവും പാഴ്സനേജ് നിർമ്മിച്ചു . ഈ കാലയളവിൽ വികാരിയായിരുന്നത് പള്ളിയ്ക്കൽ ഫാ. പി എം ഫിലിപ്പോസ് അച്ഛൻ ആരുന്നു.
മലങ്കര സഭയുടെ ചരിത്രത്തിൽ ആദ്യമായി വി.കുർബാന റെക്കോർഡ് ചെയ്തു കാസറ്റായി പുറത്തിറക്കിയതു 1983 -ൽ ഈ ഇടവകയിൽ നിന്നായിരുന്നു. ഇതിനു നേതൃത്വം നൽകിയത് ബഹു. ജോഷ്വാ ജോൺ അച്ഛനും കുറ്റിയാനി പള്ളി നായക സംഘവും ചേർന്നായിരുന്നു. കുറ്റിയാനി പള്ളിയുടെ പ്രശസ്തി ലോകമെമ്പാടും എത്തിച്ച സംഭവമായിരുന്നു. ചരുവിൽപടിയിൽ കൽകുരിശ് നിർമിച്ചതും ഈ കാലഘട്ടത്തിലാണ്. മുറ്റം ഇന്ന് കാണുന്ന രീതിയിൽ കെട്ടി വൃത്തിയാക്കിയതും , ഇടവക പട്ടക്കാരനായ വന്ദ്യ പി കെ സഖറിയാ അച്ഛൻ്റെ കല്ലറപള്ളിയോടു ചേർന്ന് പുനർ നിർമിച്ചതും. ദേവാലയത്തിന്റെ കിഴക് ഭാഗത്തു സ്ഥിതി ചെയുന്ന പൊതുകല്ലറ നിർമിച്ചതും ജോഷ്വാ അച്ഛൻ്റെ കാലഘട്ടത്തിലാണ്.
ഇന്നു കാണുന്ന രീതിയിൽ പള്ളിയുടെ മുഖവാരവും പോർച്ചും നിർമിച്ചു ഭംഗിയാക്കിയതു ബഹു. ജോൺ പടിയറ അച്ഛൻ്റെ കാലഘട്ടത്തിലാണ്. കടവുപുഴ കുരിശടി നിർമ്മാണത്തിനു നേതൃത്വം നൽകിയതും ജോൺ പടിയറ അച്ഛനാണ്. തേവർകാട്ടിൽ റെവ . ജേക്കബ് ഫിലിപ്പ് അച്ഛൻ്റെ കാലഘട്ടത്തിൽ മന്ദമരുതി കുരിശടി നിർമ്മിക്കുകയും , സൺഡേ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.
ജോൺ മാത്യു അച്ഛൻ്റെ കാലത്തു ഇടവകയ്ക് ഒരു സ്ഥിരവരുമാനം ലഭിക്കത്തക്ക രീതിയിൽ പള്ളിപുരയിടത്തിൽ ഒരു കെട്ടിടം നിർമിച്ചു. ഇതിൻ്റെ കൂദാശ നിർവഹിച്ചത് അഭി. ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയായിരുന്നു. തുടർന്ന് വികാരിയായിരുന്ന വർഗ്ഗിസ് മാത്യു അച്ഛൻ്റെ നേതൃത്വത്തിൽ , 2009 -ൽ പരിശുദ്ധ സഭയിൽ സ്ഥാനമേറ്റ ഏഴു മെത്രാപ്പോലീത്തന്മാർക് ഇടവകയിൽ ഉജ്വല സ്വീകരണം നൽകി. ഇടവകയുടെ കാവൽ പിതാവായ വി. ഗീവർഗ്ഗിസ് സഹദയുടെ പെരുന്നാൾ വിപുലമായ രീതിയിൽ പുനഃക്രമീകരിച്ചതും , പെരുനാളിനോടനുബന്ധിച്ചു പൗരാണികമായ ചെമ്പെടുപ്പ് ആരംഭിച്ചതും ഈ കാലയളവിലാണ് തൽഫലമായി കുറ്റിയാനി പള്ളി പെരുന്നാളിൻറെ കീർത്തി കിഴക്കൻ മേഖലകളിൽ എങ്ങും എത്തുകയും ധാരാളം വിശ്വാസികൾ കുറ്റിയാനി പെരുന്നാളിന് സംബന്ധിക്കുകയും ചെയ്തു വരുന്നു.